BLOOD GROUP LIST

Friday, September 30, 2011

KOODAMKULAM

 
 ആണവനിലയ വിരുദ്ധ 
ഐക്യദാര്‍ഢ്യ യാത്ര തുടങ്ങി
പാടിയോട്ടുചാല്‍: ആണവനിലയ സമരം വിജയിച്ച  പെരിങ്ങോത്തുനിന്ന് തമിഴ്നാട്ടിലെ കൂടംകുളത്തേക്കുള്ള ആണവ നിലയ വിരുദ്ധ ഐക്യദാര്‍ഢ്യ യാത്ര എന്‍ഡോസള്‍ഫാന്‍ സമരനായിക ലീലാകുമാരിയമ്മ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ എന്നാല്‍, മനുഷ്യരാണെന്നും മനുഷ്യര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംവിധാനമായി സര്‍ക്കാറുകള്‍ പ്രവര്‍ത്തിക്കണമെന്നും അവര്‍ പറഞ്ഞു. മാനവരാശിയുടെ നിലനില്‍പിന് ഭീഷണി വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവരുത്. അത് ഭരണകര്‍ത്താക്കള്‍ ശ്രദ്ധിക്കണം.  യാത്ര ഉദ്ഘാടനം ചെയ്യുന്ന ഇന്ന് ഞാന്‍ സന്തോഷവതിയാണ്. എന്‍ഡോസള്‍ഫാനെതിരെ ഞാന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച വിധി എനിക്ക് അനുകൂലമായത് ഇന്നാണ്-അവര്‍ പറഞ്ഞു.
ചില സമയത്ത് നിരക്ഷരര്‍ നടത്തുന്ന സമരപ്രവര്‍ത്തനങ്ങള്‍ പോലും അംഗീകരിക്കേണ്ടിവരുമെന്നും ആദിവാസികള്‍ നിലനില്‍പിന് വേണ്ടി നടത്തുന്ന സമരങ്ങള്‍ ഭരണവര്‍ഗത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയുള്ള ചലനങ്ങളാണെന്നും സിവിക് ചന്ദ്രന്‍ പറഞ്ഞു. ആണവ നിലയ വിരുദ്ധ സമര ഐക്യദാര്‍ഢ്യ സമിതി ചെയര്‍മാന്‍ വി.കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.  ആണവനിലയ വിരുദ്ധ സമരസമിതി ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥ്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, എഴുത്തുകാരന്‍ കെ. രാമചന്ദ്രന്‍, പോരാട്ടം കണ്‍വീനര്‍ അഡ്വ. പി.ജെ. മാനുവല്‍, ഫെയര്‍ട്രേഡ് ചെയര്‍മാന്‍ തോമസ് കുളപ്പുരക്കല്‍, വി.ആര്‍.കൃഷ്ണയ്യര്‍, ലോ ഫൌണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ഷാജി തലവില്‍ എന്നിവര്‍ സംസാരിച്ചു. എന്‍. സുബ്രഹ്മണ്യന്‍ സ്വാഗതവും പെരിങ്ങോം ഹാരിസ് നന്ദിയും പറഞ്ഞു.
ജാഥ പയ്യന്നൂരില്‍നിന്ന് ഇന്ന് രാവിലെ ആറിന് പുറപ്പെടും. കോഴിക്കോട്, കോട്ടക്കല്‍, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം രണ്ടിന് തമിഴ്നാട് കൂടംകുളത്ത് എത്തും.
ആണവ നിലയ പദ്ധതികള്‍ ഉപേക്ഷിക്കുക, കൂടംകുളത്തെ ആണവ പദ്ധതി ഉപേക്ഷിക്കാന്‍ കേരള നിയമസഭ പ്രമേയം പാസാക്കുക എന്നിവയാണ് ജാഥയുടെ മുദ്രാവാക്യം. വടക്കന്‍ മേഖല ജാഥയെ സിവിക് ചന്ദ്രന്‍, ഡോ. ഡി. സുരേന്ദ്രനാഥ്, എം.എ. റഹ്മാന്‍ എന്നിവര്‍ നയിക്കും.  കോതമംഗലത്ത് നിന്നുവരുന്ന തെക്കന്‍ മേഖല ജാഥയും ഒക്ടോബര്‍ രണ്ടിന് കൂടംകുളത്ത് സംഗമിക്കും.

0 comments:

Post a Comment