തെരഞ്ഞെടുപ്പിലെ സാമുദായിക ധ്രുവീകരണം
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ രാഷ്ട്രീയസൂനാമി. എല്‍.ഡി.എഫിന്റെ തകര്‍ച്ചക്കും യു.ഡി.എഫിന്റെ ഉയര്‍ച്ചക്കും ഇടയാക്കിയ കാരണങ്ങളെയും സാഹചര്യങ്ങളെയുംകുറിച്ച് ചൂടേറിയ ചര്‍ച്ചകളാണിപ്പോള്‍ മാധ്യമങ്ങളിലെല്ലാം. യു.ഡി.എഫ് നേതാക്കളുടെ ദൃഷ്ടിയില് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെയും തുടര്‍ന്ന് നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെയും ഫലങ്ങളിലൂടെ പ്രകടമായ ജനവിധിയുടെ തുടര്‍ച്ചയാണ് ത്രിതല പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചത്. അത് വ്യക്തമാക്കുന്നത് ഇടതുമുന്നണി ഭരണത്തെ ജനങ്ങള്‍ പാടെ വെറുത്തു എന്നുതന്നെ. വെറുക്കാനുണ്ടായ കാരണം ഭരണപരാജയവും അതിലേക്ക് നയിച്ച സി.പി.എമ്മിലെ വിഭാഗീയതയുമാണുതാനും. തദ്ദേശതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പൂര്‍വാധികം ശക്തിയായി പ്രതികരിച്ചു എന്നതാണവസ്ഥ. ഇനി ആറ് മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ഫലം മറ്റൊന്നാവാന്‍ വഴിയില്ല. കഴിഞ്ഞ തവണ എല്‍.ഡി.എഫ് നേടിയ അമ്പരപ്പിക്കുന്ന വിജയത്തെ കവച്ചുവെക്കുന്നതാവും യു.ഡി.എഫിന്റെ പ്രദര്‍ശനം. എല്‍.ഡി.എഫില്‍നിന്ന് വിട്ടുപോന്ന കേരള കോണ്‍ഗ്രസ്-ജെ, സോഷ്യലിസ്റ്റ് ജനത, ഐ.എന്‍.എല്‍ എന്നീ കക്ഷികള്‍കൂടി യു.ഡി.എഫിന്റെ ഭാഗമായതോടെ മുന്നണി കൂടുതല്‍ കരുത്താര്‍ജിച്ചിരിക്കുന്നു.ഇടതുമുന്നണിയുടെ, വിശേഷിച്ച് മുഖ്യഘടകമായ സി.പി.എമ്മിന്റെ സൂക്ഷ്മവും സമഗ്രവുമായ വിലയിരുത്തല്‍ വരാനിരിക്കുന്നേയുള്ളൂ. എങ്കിലും സി.പി.എം സംസ്ഥാനസമിതിയുടെ പ്രാഥമികാവലോകനത്തില്‍ ന്യൂനപക്ഷസമുദായങ്ങള്‍ യു.ഡി.എഫിന്റെ പിന്നില്‍ കേന്ദ്രീകരിച്ചതാണ് തിരിച്ചടിക്ക് കാരണം. ഇതിനു പുറമെ റോഡ്, ഗതാഗതം മുതലായ സാമൂഹിക പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ വേണ്ടപോലെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല. അടിസ്ഥാനവര്‍ഗത്തിലേക്ക് ഇടതുസര്‍ക്കാറിന്റെ നേട്ടങ്ങള്‍ എത്തിയെങ്കിലും മധ്യവര്‍ഗത്തെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും പാര്‍ട്ടി കരുതുന്നു. തെരഞ്ഞെടുപ്പ് കാലയളവില്‍ സാമുദായികധ്രുവീകരണം ഉണ്ടാകുന്ന തരത്തില്‍ അജണ്ട സൃഷ്ടിച്ച സി.പി.എം നേതാക്കളുടെ നിലപാടാണ് ഇടതുമുന്നണിയെ വന്‍പരാജയത്തിലേക്ക് കൂപ്പുകുത്തിച്ചതെന്നാണ് സി.പി.ഐയുടെയും ആര്.എസ്.പിയുടെയും വിലയിരുത്തല്‍. ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്തുനിന്ന് അകറ്റുന്ന തരത്തിലുള്ള തീവ്ര വിമര്ശങ്ങളാണ് സി.പി.എം നേതാക്കള്‍ നടത്തിയതെന്ന് ഘടകകക്ഷികള്‍ക്ക് അഭിപ്രായമുണ്ട്.
കേരളത്തിലുടനീളം ഇടതിനെതിരെ വീശിയടിച്ച ഈ രാഷ്ട്രീയ സുനാമിക്കുള്ള കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ ഓര്‍ക്കേണ്ട കാര്യം, തെരഞ്ഞെടുപ്പ് നടന്നത് തദ്ദേശസ്ഥാപനങ്ങളിലേക്കാണെങ്കിലും ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെന്നപോലെ തികഞ്ഞ രാഷ്ട്രീയ പ്രചാരണങ്ങളാണ് നടന്നത് എന്നാണ്. രാഷ്ട്രീയാതീതമായി ജനകീയ പ്രശ്നങ്ങളുടെ പരിഹാരവും വികസനവുമാണ് ത്രിതല പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പില്‍ ഇഷ്യൂ ആവേണ്ടതെങ്കിലും മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതായ ആരോപണവും ലോട്ടറി വിവാദവും വര്‍ഗീയ തീവ്രവാദ സംഘടനകളെന്ന് വിവരിക്കപ്പെടുന്നവയുമായുള്ള കൂട്ടുകെട്ടുമൊക്കെയാണ് ഇരുമുന്നണികളുടെയും ബി.ജെ.പിയുടെയും പ്രചാരണത്തില്‍ നിറഞ്ഞുനിന്നത്. അത് മാധ്യമങ്ങളുംകൂടി ഏറ്റെടുത്തപ്പോള്‍ ഗ്രാമവികസനവും നഗരവികസനവുമൊക്കെ അപ്രസക്തങ്ങളായി.
മുമ്പെന്നത്തേക്കാളുമേറെ ഭീകരമായി പണവും മദ്യവുമൊഴുകിയ തെരഞ്ഞെടുപ്പായിരുന്നു ഇതെന്നതും ദുഃഖകരമായ സത്യമാണ്. ഇക്കാര്യത്തില്‍ ഇരുമുന്നണികളും കളങ്കിതമാണെങ്കിലും സ്വാഭാവികമായും കൂടുതല്‍ മികവ് തെളിയിക്കാനായത് യു.ഡി.എഫിനുതന്നെ. ഒരു നഗരസഭാ വാര്‍ഡില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ മുതല്‍മുടക്ക് ഒന്നര കോടിയെങ്കിലും വന്നു എന്നറിഞ്ഞാല്‍ കേട്ടവര്‍ക്ക് ഞെട്ടാനുള്ള ശേഷിപോലും നഷ്ടപ്പെടുന്നു. മങ്കടയില്‍ വീശിയടിച്ച മഞ്ഞളാംകുഴി അലി തരംഗത്തില്‍ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളാകെ അട്ടിമറിഞ്ഞത് എല്ലാ മാധ്യമങ്ങളുടെയും ശ്രദ്ധാകേന്ദ്രമായി. പക്ഷേ എന്താണീ അലി ഇഫക്ട്? സിനിമാനിര്‍മാതാവും വ്യവസായിയും ബിസിനസുകാരനുമായ അലി ഇടതുമുന്നണിയിലായിരുന്നപ്പോഴും മുന്നണിവിട്ട് വലതുമുന്നണിയുടെ സഹയാത്രികനായപ്പോഴും അദ്ദേഹം ജനങ്ങളെ സ്വാധീനിച്ച വിധം എങ്ങനെയെന്ന് ആരും പരിശോധിച്ചുകണ്ടില്ല. അതുപോലെ എല്ലാ ജില്ലകളിലെയും പട്ടികജാതി-പട്ടികവര്‍ഗ കോളനികളിലും ചേരിപ്രദേശങ്ങളിലും പോളിങ്ങിന്റെ തലേ രാത്രി നടന്ന 'ജലസേചന' ഓപറേഷന്റെ കഥകള്‍ മാധ്യമങ്ങളിലൂടെ അനാവരണം ചെയ്യപ്പെട്ടില്ല. കാഡര്‍ സ്വഭാവമുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍പോലും പാര്‍ട്ടി പറയുന്ന സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യാന്‍ ബൂത്തിലെത്തണമെങ്കില്‍ ദ്രവ്യത്തിന്റെ പിന്‍ബലംകൂടി വേണം എന്നതാണവസ്ഥ. കുതിരപ്പന്തയവും ഐ.പി.എല്‍ ക്രിക്കറ്റുംപോലെ പണക്കൊഴുപ്പിന്റെ മത്സരവേദിയായി മാറുകയാണ് തെരഞ്ഞെടുപ്പുകളും. അതിന്് യോഗ്യരല്ലാത്തവര്‍ കുഞ്ഞാലിക്കുട്ടിയുടെ ഭാഷയില്‍ കെട്ടിവെച്ച കാശ് ജനാധിപത്യത്തിന് മുതല്‍ക്കൂട്ടാക്കുകയേ ചെയ്യൂ.
പൊതുവായ ഈ അപചയം മാറ്റിനിര്‍ത്തിയാല്‍തന്നെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യഥാര്‍ഥത്തില്‍ നടന്നതെന്ത് എന്ന് പരിശോധിക്കുമ്പോള്‍ ഒരു വസ്തുത കാണാതെ പോകരുത്. ഒരു വശത്ത് ഇടതുമുന്നണി എന്നു പറഞ്ഞാല്‍ നേര്. പക്ഷേ, ഫലത്തില്‍ അത് ഒരു പാര്‍ട്ടിയാണ്- സി.പി.എം. ബാക്കി മുന്നണിഘടകങ്ങളൊക്കെയും ജനപിന്തുണയില്ലാത്ത, പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മാത്രം കൊള്ളാവുന്ന ചെറുകക്ഷികള്‍. മറുവശത്തോ? കോണ്‍ഗ്രസ്, മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ് എന്നീ മൂന്ന് ബഹുജന-സാമുദായിക ശക്തികള്‍. ചില മേഖലകളില്‍ സ്വാധീനമുള്ള സോഷ്യലിസ്റ്റ് ജനത, ജെ.എസ്.എസ്, ഐ.എന്‍.എല്‍ തുടങ്ങിയ കൊച്ചു കക്ഷികള്‍ വേറെയും. പുറമെ, കെ. മുരളീധരനും അദ്ദേഹത്തിന്റെ അനുയായികളും. ഇതെല്ലാമടങ്ങിയ യു.ഡി.എഫിന് ഏറ്റവും പ്രഹരശേഷിയുള്ള ആയുധവും ലഭിച്ചു; മുഖ്യധാരാപത്രങ്ങളും ചാനലുകളും. ഒരു 'ദേശാഭിമാനി'യും കൈരളിയുംകൊണ്ട് സി.പി.എമ്മിന് നേരിടാന്‍ കഴിയുന്നതാണോ ഈ കൂട്ടായ ആക്രമണത്തെ? കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പരാജയത്തില്‍ പ്രധാനപങ്ക് വഹിച്ചത് മുഖ്യധാരാ മാധ്യമങ്ങള്‍ ഇരുപത്തിനാല് മണിക്കൂറും ആഘോഷമാക്കിയ പിണറായി-മഅ്ദനി വേദിപങ്കിടല്‍ ആയിരുന്നു എന്നോര്‍ക്കണം. ഇത്തവണ ക്രൈസ്തവസഭകളെ ഏതാണ്ട് പൂര്‍ണമായി ഇടതിന്റെ എതിര്‍ചേരിയില്‍ നിര്‍ത്തിയത് സി.പി.എം നേതൃത്വത്തിന്റെ നയവൈകല്യങ്ങളോടൊപ്പം മാധ്യമ ഇടപെടല്‍ കൂടിയാണ്.
സാമുദായിക ധ്രുവീകരണമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിക്ക് കാരണമെന്ന് വിലയിരുത്തുന്ന സി.പി.എം ക്രൈസ്തവ സഭകളോടൊപ്പം മുസ്ലിം സംഘടനകളെക്കൂടി ചേര്‍ത്തുപറയുന്നു. യു.ഡി.എഫിലെ രണ്ടാമത്തെ ഘടകമായ മുസ്ലിംലീഗ് സമുദായത്തിലെ പരമാവധി മത-സാംസ്കാരികസംഘടനകളെ സംഘടിപ്പിച്ച് സ്വന്തം ശക്തി തെളിയിക്കാന്‍ ഫലപ്രദമായി ശ്രമിച്ചുവെന്നത് വസ്തുതയാണ്. ഈ സംഘടനകളില്‍ മുക്കാലും പക്ഷേ മുമ്പേ ലീഗിന്റെ ചിറകിനടിയില്‍ അഭയം കണ്ടെത്തിയവരാണ്. ഇവരില്‍ സുന്നി എ.പി വിഭാഗമൊഴിച്ച് മറ്റെല്ലാ സംഘടനകളും ആദ്യമേ ലീഗിന്റെ രാഷ്ട്രീയ രക്ഷാകവചം അംഗീകരിച്ചവരാണ്. ഇടക്കാലത്ത് അകറ്റിനിര്‍ത്തിയ സുന്നി എ.പി വിഭാഗത്തെക്കൂടി സി.പി.എം സ്വാധീനത്തില്‍നിന്ന് മോചിപ്പിച്ച് ഒപ്പം കൊണ്ടുപോവാനുള്ള ശ്രമമായിരുന്നു കോട്ടക്കല്‍ യോഗത്തിലൂടെ മുഖ്യമായി ലക്ഷ്യമിട്ടത്. ഒരു പൊതുശത്രുവിനെതിരെയല്ലാതെ ഇത്തരം കൂട്ടായ്മകള്‍ കരുപ്പിടിപ്പിക്കുക എളുപ്പമല്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ വിവാദവിധേയമായ ചെയ്തികളിലൂടെ മുസ്ലിം തീവ്രവാദ പ്രശ്നം കേരളത്തിലെ സാമുദായികാന്തരീക്ഷത്തില്‍ കത്തിനിന്ന സന്ദര്‍ഭമായിരുന്നതിനാല്‍ പൊതുശത്രുവിനെ ചൂണ്ടിക്കാട്ടാന്‍ പ്രയാസമുണ്ടായില്ല. ഇരയായത് പക്ഷേ പോപ്പുലര്‍ ഫ്രണ്ടല്ല, ജമാഅത്തെ ഇസ്ലാമിയാണെന്നു മാത്രം. മുസ്ലിം തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം ജമാഅത്തെ ഇസ്ലാമിയാണെന്നാണ് ഇതിന് ന്യായീകരണമായി കണ്ടെത്തിയത്. മുസ്ലിം വര്‍ഗീയ തീവ്രവാദിസംഘടനകളുമായി ഒരു ബന്ധവുമില്ലെന്ന് സി.പി.എം പ്രഖ്യാപിച്ച പശ്ചാത്തലം കൂടിയായപ്പോള്‍ ഞങ്ങളും അങ്ങനെത്തന്നെ എന്ന് കുഞ്ഞാലിക്കുട്ടിക്ക് പറയാന്‍ അവസരമായി. അങ്ങനെയാണ് ഈ പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പുകളില്‍ ഗ്രാമനഗരവികസനവുമായോ ജനകീയാവശ്യങ്ങളുമായോ ഒരു ബന്ധവുമില്ലാത്ത മതരാഷ്ട്രീയ വിവാദം എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ കൊഴുപ്പിക്കുന്നത്. അത്തരമൊരു വിവാദത്തിന് വല്ല പ്രസക്തിയുമുണ്ടെങ്കില്‍ അത് ലോക്സഭ, നിയമസഭാതെരഞ്ഞെടുപ്പുകളിലാണ്. യഥാര്‍ഥത്തില്‍ പുതുതായി ഒരു സാമുദായികധ്രുവീകരണവും സംസ്ഥാനത്ത് സംഭവിച്ചിട്ടില്ല. ആകപ്പാടെ സി.പി.എം ഭൂരിപക്ഷ സമുദായപ്രീണനം ലാക്കാക്കി, മുസ്ലിം-ക്രൈസ്തവ സംഘടനകളോടും സഭകളോടുമുള്ള നിലപാട് കര്‍ശനമാക്കിയപ്പോള്‍ ആ വിഭാഗങ്ങളെ വശത്താക്കാന്‍ സ്വാഭാവികമായും യു.ഡി.എഫിന് അവസരം കൈവന്നതാണ്. ഇത് വോട്ടുചോര്‍ച്ചക്കിടവരുത്തിയെങ്കില്‍ ഉത്തരവാദി സി.പി.എം തന്നെ.
അതേയവസരത്തില്‍, മുസ്ലിം പ്രതിരോധത്തിനായി നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്ട്രീയമുഖമായ എസ്.ഡി.പി.ഐ 2500 സ്ഥാനാര്‍ഥികളെ മത്സരരംഗത്തിറക്കി ഈ തെരഞ്ഞെടുപ്പിനെ നേരിട്ടത് പുതിയ സംഭവമാണ്. ഫലങ്ങള്‍ വന്നപ്പോള്‍ അഞ്ച് നഗരസഭകളില്‍ ഉള്‍പ്പെടെ 15 സീറ്റുകളാണ് അവര്‍ക്ക് നേടാനായത്. ഏതാനും സീറ്റുകളില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. തീവ്ര മുസ്ലിം വൈകാരികതയുടെ പ്രതലത്തിലാണ് പാര്‍ട്ടി പ്രചാരണം നടത്തിയത് എന്ന വസ്തുത നിഷേധിക്കാനാവില്ല. തൊടുപുഴ ന്യൂമാന്‍ കോളജ് പ്രഫസര്‍ ടി.ജെ. ജോസഫ് പ്രവാചകനിന്ദ നടത്തിയെന്നാരോപിച്ച് അദ്ദേഹത്തിന്റെ കൈ ഒരു സംഘം അക്രമികള്‍ വെട്ടിമാറ്റിക്കളഞ്ഞ സംഭവം കേരളത്തിലാകെ ഉത്കണ്ഠക്കിടയാക്കിയതാണ്. അതിന്റെ ഉത്തരവാദിത്തം പോപ്പുലര്‍ ഫ്രണ്ടിന്റെ ചുമലില്‍ സര്‍ക്കാറും പൊലീസും മാധ്യമങ്ങളും ചുമത്തിയപ്പോള്‍ തുടക്കത്തില്‍ അവരത് നിഷേധിച്ചു. തുടര്‍ന്ന് സംഘടനാ ഓഫിസുകളില്‍ റെയ്ഡും ഏതാനും അറസ്റ്റുകളും നടന്നപ്പോള്‍ സംഭവം സംസ്ഥാനതലത്തിലെ ഗൂഢാലോചനയുടെ ഫലമല്ലെന്നും പ്രാദേശികം മാത്രമാണെന്നും പറഞ്ഞൊഴിയാനായി ശ്രമം. അതാരും മുഖവിലക്കെടുക്കാതിരിക്കെ, എസ്.ഡി.പി.ഐ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ നേരിട്ടത് ഇത് മുഖ്യവിഷയമായി ഉയര്‍ത്തിക്കാട്ടിയാണ്. പ്രവാചകനിന്ദ നടത്തിയവര്‍ക്കെതിരെ നടത്തിയ മഹാ പുണ്യകര്‍മത്തിന്റെ പരിവേഷമണിയിച്ച് കൈവെട്ട് മുസ്ലിം കേന്ദ്രങ്ങളിലാകെ എസ്.ഡി.പി.ഐ പ്രചാരണത്തിനുപയോഗിച്ചു. വെട്ടേറ്റ പ്രഫസര്‍ ജോസഫിന് ആശുപത്രിയില്‍ രക്തം നല്കിയ സോളിഡാരിറ്റിയുടെ നടപടിയെ കണക്കിന് പരിഹസിക്കുകയും മതവിരുദ്ധമായി ചിത്രീകരിക്കുകയും ചെയ്യുന്ന വൈകാരിക പ്രചാരണങ്ങള്‍ നടന്നു. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ തൊടുപുഴ നഗരസഭയില്‍ ന്യൂമാന്‍ കോളജ് സ്ഥിതിചെയ്ത വാര്‍ഡില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. കേസില്‍ പ്രതിയായ പ്രഫ. അനസിന് എറണാകുളം ജില്ലയിലെ വാഴക്കുളം ബ്ലോക് പഞ്ചായത്ത് വഞ്ചിനാട് ഡിവിഷനില്‍ രണ്ടായിരത്തോളം വോട്ടിന്റെ ഞെട്ടിക്കുന്ന വിജയവും. തൊടുപുഴ നഗരസഭയില്‍ എസ്.ഡി.പി.ഐയുമായി യു.ഡി.എഫ് സഖ്യമുണ്ടാക്കി എന്നാദ്യമായാരോപിച്ചത് മുസ്ലിംലീഗ് പ്രാദേശികനേതാവാണ്. അനസ് വിജയിച്ച ബ്ലോക് പഞ്ചായത്ത് വാര്‍ഡിലെ ഗ്രാമപഞ്ചായത്തുകളൊന്നിലും എസ്.ഡി.പി.ഐക്ക് സീറ്റില്ല. മുഴുക്കെ യു.ഡി.എഫ് സീറ്റുകള്‍. എങ്ങനെ സംഭവിച്ചു ഈ മറിമായം? എസ്.ഡി.പി.ഐയുടെ ഇലക്ഷന് പ്രചാരണത്തിന്റെ കുന്തമുനയത്രയും ജമാഅത്തെ ഇസ്ലാമിയുടെ നേരെയായിരുന്നു. ആര് ജയിച്ചാലും വികസനമുന്നണി സ്ഥാനാര്‍ഥികളെ ജയിപ്പിക്കരുതെന്നായിരുന്നു നിരന്തരമായ ആഹ്വാനം. മുസ്ലിംലീഗിന്റെയും യു.ഡി.എഫിന്റെയും നിര്‍ലോഭമായ പിന്തുണയും ലഭിച്ചു ഈ കാമ്പയിനിന്.
ജമാഅത്തെ ഇസ്ലാമിയോ? ആ സംഘടന മുന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെന്നപോലെ ഈ തെരഞ്ഞെടുപ്പിലും മത്സരിച്ചില്ല. തങ്ങളൊരു രാഷ്ട്രീയപാര്‍ട്ടിയാവാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. ദേശീയതലത്തില്‍ സാമ്രാജ്യത്വത്തിനും ഫാഷിസത്തിനുമെതിരെ മനുഷ്യാവകാശങ്ങള്‍ക്കും ന്യൂനപക്ഷ പീഡിതവിഭാഗങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കുംവേണ്ടി നിലകൊള്ളുന്ന, അഴിമതിക്കും അധാര്മികതക്കെതിരെയും പൊരുതുന്ന ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി നിലവില്‍ വരാന്‍ ജമാഅത്ത് മുന്‍കൈ എടുക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ അതിനിയും യാഥാര്‍ഥ്യമായിട്ടില്ല. അതിനിടെ വന്ന പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകര്‍ക്ക് സംഘടന അനുവാദംനല്കി. അവര്‍ മുന്‍കൈയെടുത്ത് ചില ജില്ലകളില്‍ ജനപക്ഷ, ജനകീയ വികസന മുന്നണികളെന്ന പേരില്‍ കൂട്ടായ്മകളുണ്ടാക്കി രംഗത്തിറങ്ങിയത് കഷ്ടിച്ച് മൂന്നു മാസങ്ങള്‍ക്കുള്ളിലാണ്. ഈ മുന്നണിക്കൊരു പാര്‍ട്ടിയോ ചിഹ്നമോ പതാകയോ നേതൃത്വമോ ഒന്നും ഉണ്ടായിരുന്നില്ല. സ്വതന്ത്രരായി 1700ല്‍പരം വാര്‍ഡുകളില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചുവെങ്കിലും അവയില്‍ കുറച്ചെണ്ണത്തിലേ സജീവ മത്സരരംഗത്തിറങ്ങിയുള്ളൂ. വിവിധ ജില്ലകളിലെ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായി 40-50 വാര്‍ഡുകളില്‍ മാത്രം വിജയപ്രതീക്ഷ പുലര്‍ത്തി. പ്രചാരണത്തിന്റെ അവസാന നാളുകളില്‍ എണ്ണം പിന്നെയും താണു. മറുവശത്ത് രണ്ട് മഹാമുന്നണികളുടെയും ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടെയും ഭാഗത്തുനിന്നുള്ള ആക്രമണം അതിരൂക്ഷമായിരുന്നു. മുസ്ലിം മത, സാംസ്കാരികസംഘടനകളെ മുഴുവന്‍ കോട്ടക്കലില്‍ വിളിച്ചുചേര്‍ത്ത് മുസ്ലിംലീഗ് പ്രഖ്യാപിച്ച ഊരുവിലക്ക് അക്ഷരാര്‍ഥത്തില്‍ നടപ്പിലാക്കി. സുന്നി, മുജാഹിദ് സംഘടനകളാകെ പ്രളയത്തില്‍ പ്രാണനുംകൊണ്ട് നീന്തുന്ന ജീവികളെപ്പോലെ ജമാഅത്ത് നിയന്ത്രിത വികസന മുന്നണികള്‍ക്കെതിരെ ഐക്യപ്പെട്ടു. മതപണ്ഡിതന്മാര് പരസ്യപ്രസംഗങ്ങള്‍ നടത്തി. വീടുവീടാന്തരം കയറിയിറങ്ങി വോട്ട് മറ്റാര്‍ക്ക് ചെയ്താലും വികസനമുന്നണിക്കാര്‍ക്ക് ചെയ്യരുതെന്ന് ഉദ്ബോധിപ്പിക്കുക മാത്രമല്ല, സ്ത്രീകളെക്കൊണ്ട് ഖുര്‍ആന്‍ തൊട്ട് സത്യവും ചെയ്യിച്ചു.
മതപ്രസിദ്ധീകരണങ്ങള്‍ വിഷലിപ്തമായ ലേഖനങ്ങള്‍കൊണ്ട് നിറഞ്ഞു. രാഷ്ട്രീയത്തില്‍ മതത്തിന്റെ നഗ്നമായ ഈ ഇടപെടല്‍ ആരും വിഷയമാക്കിയില്ല. വികസനമുന്നണികളാകട്ടെ, ഈ കോലാഹലങ്ങളോടൊന്നും പ്രതികരിച്ചതേയില്ല. വികസനോന്മുഖ, അഴിമതിമുക്ത പഞ്ചായത്ത് ഭരണമെന്നുള്ള ഏകയിന അജണ്ടയില്‍ പ്രചാരണം ഒതുക്കി. മതം, രാഷ്ട്രീയം, സമുദായം തുടങ്ങി ഒന്നിനെയും തെരഞ്ഞെടുപ്പില്‍ വിഷയമാക്കിയില്ല. വോട്ടെടുപ്പ് ദിവസമായപ്പോള്‍ പലേടത്തും ഇടത്-വലത് മുന്നണികളുടെ പരോക്ഷ ധാരണ, വികസന മുന്നണി സ്ഥാനാര്‍ഥികള്‍ ഒരു കാരണവശാലും ജയിച്ചുകയറരുതെന്ന്. ആ ധാരണ ശരിക്കും പ്രാവര്‍ത്തികമായെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുകയും ചെയ്തു. വികസന മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വിജയസാധ്യതയുള്ള വാര്‍ഡുകളിലൊക്കെ ഈ ഇടത്-വലത് അവിശുദ്ധ കൂട്ടുകെട്ടും വോട്ട് അട്ടിമറിയും നടന്നതിന്റെ ഫലമാണ് മുന്നണിയുടെ വിജയം ഒമ്പത് വാര്‍ഡുകളിലൊതുങ്ങിയത്. വയനാട്- ഒന്ന്, കോഴിക്കോട്- രണ്ട്, മലപ്പുറം- രണ്ട്, പാലക്കാട്- ഒന്ന്, തൃശൂര്‍- രണ്ട്, കൊല്ലം- ഒന്ന് എന്നിങ്ങനെയാണ് ലഭിച്ച സീറ്റുകള്‍. വികസന-ജനപക്ഷ മുന്നണികള്‍ നഗരസഭകളിലടക്കം രണ്ടാം സ്ഥാനം പിടിച്ച വാര്‍ഡുകള്‍ തൊണ്ണൂറോളം വരും. ഒന്നര ലക്ഷത്തിലധികം വോട്ടുകളും വികസന മുന്നണികള്‍ക്കനുകൂലമായി വീണു. മുന്നൊരുക്കങ്ങളോ പാര്‍ട്ടിയോ കൊടിയോ ചിഹ്നമോ പ്രചാരണത്തിന് നേതാക്കളോ ഇല്ലാതെ നടത്തിയ ഈ സാഹസികപരീക്ഷണം ഇത്രയളവിലെങ്കിലും വിജയിച്ചതാണദ്ഭുതം. അരനൂറ്റാണ്ടോളം പഴക്കമുള്ള രണ്ട് വന്‍ മുന്നണികളുടെ ബാനറില്‍ നുണച്ചാക്കും പണച്ചാക്കും വാരിവിതറി, എല്ലാതരം ജാതി, മത വിഭാഗീയ വികാരങ്ങളും സമൃദ്ധമായുപയോഗിച്ച് ഇടത്-വലത് പാര്‍ട്ടികള്‍ നടത്തിയ ഒരു തെരഞ്ഞെടുപ്പ് മാമാങ്കത്തിന്റെ ബാക്കിപത്രമാണ് നമ്മുടെ മുന്നിലുള്ളത്. അവരുടെ പൊതുശത്രുവും മുഖ്യശത്രുവും, അഴിമതിമുക്ത വികസന മന്ത്രം ഉയര്‍ത്തിയ ജനപക്ഷ മുന്നണികളാണെന്നത് രാജ്യവും സംസ്ഥാനവും ചെന്നെത്തിയ അധഃപതനത്തിന്റെ ആഴം വിളിച്ചോതുന്നു.
Courtesy:AR/Madhyamam/02-11-2010
0 comments:
Post a Comment