BLOOD GROUP LIST

Wednesday, September 22, 2010

ചളിയില്‍ കുളിക്കാതെ അക്കരെയെത്തുമോ?


നടപ്പാത സ്വപ്നം കണ്ട്
കരക്കാട്-മഞ്ഞാങ്കോട്ട് വാസികള്‍

ചളിയില്‍ കുളിക്കാതെ അക്കരെയെത്തുമോ?

കാഞ്ഞിരോട്: ചളിപുരളാതെ നെല്‍പാടം മുറിച്ചുകടന്ന് അക്കരെ എത്താനുള്ള ഒരു പ്രദേശവാസികളുടെ ദീര്‍ഘകാല സ്വപ്നം യാഥാര്‍ഥ്യമാവാതെ ഒരു പഞ്ചായത്ത് ഭരണകാലംകൂടി അവസാനിക്കുന്ന നിരാശയിലാണ് കാഞ്ഞിരോട്ടെ കരക്കാട്-മഞ്ഞാങ്കോട്ട് പ്രദേശവാസികള്‍. മഞ്ഞാങ്കോട്ട് പരിസരത്തെ നിരവധി വീട്ടുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും എളുപ്പം വയലിനക്കരെ കരക്കാട്ട് എത്താനുള്ള പ്രധാന പാതയാണ് അധികൃതരുടെ അനാസ്ഥ കാരണം പാതിവഴിയില്‍ നില്‍ക്കുന്നത്.
പഴയകാലത്ത് വയല്‍ വരമ്പിനെ ആശ്രയിച്ചാണ് ഇവിടെ ആളുകള്‍ പരസ്പരം ബന്ധപ്പെട്ടതെങ്കിലും ഇപ്പോള്‍ വരമ്പ് പൂര്‍ണമായും മറഞ്ഞുപോയിരിക്കുകയാണ്. മഴക്കാലത്ത് പ്രദേശത്തുകാരുടെ യാത്ര അതീവ ദുസ്സഹമാണ്. കേവലം നൂറു മീറ്റര്‍ അകലെയുള്ള കരക്കാട്ട് എത്താന്‍ റോഡുവഴി കിലോമീറ്ററോളം ദൂരം സഞ്ചരിക്കേണ്ടിവരുകയാണ്.
മുണ്ടേരി ഹൈസ്കൂള്‍, കാഞ്ഞിരോട് യു.പി സ്കൂള്‍, കാഞ്ഞിരോട് മദ്റസ, വില്ലേജ് ഓഫിസ്, മൃഗാശുപത്രി തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെടേണ്ട നാട്ടുകാരും വിദ്യാര്‍ഥികളുമാണ് ഏറെ ദുരിതമനുഭവിക്കേണ്ടിവരുന്നത്.
വര്‍ഷങ്ങളുടെ പഴക്കമുള്ള ആവശ്യം ജനകീയാസൂത്രണം രണ്ടാംഘട്ടം അന്തിമ പദ്ധതിയില്‍പോലും പരിഗണിക്കാത്തതില്‍ നാട്ടുകാരില്‍ ശക്തമായ അമര്‍ഷമുണ്ട്.

നടപ്പാത പൂര്‍ത്തീകരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വാര്‍ഡ് മെംബര്‍ യു. അബ്ദുല്‍ ഖാദര്‍ അറിയിച്ചു.
courtesy:madhyamam/ch musthafa/23-09-2010

0 comments:

Post a Comment