BLOOD GROUP LIST

Wednesday, February 9, 2011

JIH KERALA

 
ലോകം കാത്തിരുന്ന മാറ്റം സമാഗതമായി
-ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: ലോകം കാത്തിരുന്ന മാറ്റം സമാഗതമായിരിക്കുന്നുവെന്നാണ് ഈജിപ്തിലും തുനീഷ്യയിലും യമനിലുമുണ്ടായിരിക്കുന്ന വിമോചന പോരാട്ടം വിളംബരം ചെയ്യുന്നതെന്ന് ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച ബഹുജന റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം അഭിപ്രായപ്പെട്ടു. 
യഥാര്‍ഥ വിപ്ലവത്തിന്റെ തീജ്വാലകളാണ് അറബ് മേഖലയില്‍ വെളിച്ചംവീശിയിരിക്കുന്നത്. ഇടതുപക്ഷം വിലയിരുത്തുംപോലെ നേതൃത്വമില്ലാത്ത ആള്‍ക്കൂട്ടത്തിന്റെ അരാജകത്വത്തിലേക്കുള്ള മുന്നേറ്റമല്ല അവിടെ നടക്കുന്നത്. അഴിമതിക്കും സ്വേച്ഛാധിപത്യത്തിനും സാമ്രാജ്യത്വത്തിനുമെതിരെയുള്ള ബോധപൂര്‍വമായ ജനമുന്നേറ്റമാണത്. ഇതില്‍നിന്ന് പാഠമുള്‍ക്കൊള്ളാന്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച ജനാധിപത്യ രാഷ്ട്രങ്ങളിലെ ഭരണാധികാരികളും തയാറാവണം ^സമ്മേളനം മുന്നറിയിപ്പ് നല്‍കി.
ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു. ഇസ്ലാം ഏകാധിപത്യത്തെയും സ്വേച്ഛാധിപത്യത്തെയും പ്രതിനിധീകരിക്കുന്നു എന്ന ഏറ്റവും വലിയ നുണ പൊളിഞ്ഞിരിക്കുന്നു . ജനാധിപത്യത്തിന് അവസരം നല്‍കിയാല്‍ മുസ്ലിം രാജ്യങ്ങളില്‍ മതേതരത്വം നഷ്ടപ്പെടുമെന്നാണ് അമേരിക്ക പ്രചരിപ്പിച്ചത്. അവര്‍ക്കാവശ്യം അറബ് നാടുകളില്‍ തങ്ങളുടെ ഇച്ഛക്കൊത്ത് പ്രവര്‍ത്തിക്കുന്ന പാവഭരണകൂടങ്ങളാണ്.
ലോകത്തിപ്പോള്‍ നടക്കുന്നത് പുതുയുഗപ്പിറവിയാണ്. ഈ വിപ്ലവത്തില്‍ ഏറ്റവും ആഹ്ലാദിക്കാനുള്ള അര്‍ഹത ജമാഅത്തെ ഇസ്ലാമിക്കുണ്ടെന്നും ആരിഫലി പറഞ്ഞു


കാലങ്ങളായി കാണാന്‍ കൊതിച്ച, കേള്‍ക്കാന്‍ കാതോര്‍ത്തിരുന്ന വിപ്ലവത്തിന്റെ വര്‍ത്തമാനങ്ങളാണ് അറബ് ലോകത്ത് ദൃശ്യമാവുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചനാ സമിതി അംഗം ടി.കെ. അബ്ദുല്ല പറഞ്ഞു. ഇത്രവേഗത്തിലുള്ള ഒരു ജനമുന്നേറ്റം ലോകം പ്രതീക്ഷിച്ചിരുന്നില്ല. 
നമ്മുടെ നാട്ടിലെ സമുദായ സംഘടനകള്‍ ലോകത്ത് നടന്ന ഈ വിപ്ലവം അറിഞ്ഞിട്ടില്ല. അതുകൊണ്ടാണ്  അവര്‍ വിപ്ലവാഭിവാദ്യങ്ങളുമായി തെരുവിലിറങ്ങാത്തത്. ഐസ്ക്രീമിലുറഞ്ഞുപോയതിനാല്‍ ലോക വിപ്ലവം അവരെ സ്പര്‍ശിച്ചിട്ടില്ല ^അദ്ദേഹം പറഞ്ഞു. മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ഡോ. സലാം വാണിയമ്പലം, കെ.കെ. ഫാത്തിമ സുഹ്റ, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍, ജി.ഐ.ഒ സംസ്ഥാന വൈ. പ്രസിഡന്റ് ഷബീന ശര്‍ഖി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന്‍ എന്നിവിരും സംസാരിച്ചു. ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദലി സ്വാഗതവും ജില്ലാ പ്രസിഡന്റ് പി.സി. ബഷീര്‍ നന്ദിയും പറഞ്ഞു.  നേരത്തേ നടന്ന റാലിയില്‍ സ്ത്രീകളടക്കം വന്‍ ജനാവലി  അണിചേര്‍ന്നു. ഈജിപ്തിനെ കട്ടുമുടിച്ച ഹുസ്നി മുബാറക്കിനും തുനീഷ്യയിലെ ധിക്കാരി സൈനുല്‍ ആബിദീനും ബഹുജനറാലിയില്‍ ഗോബാക്ക് വിളികളുയര്‍ന്നു. കോര്‍പറേഷന്‍ സ്റ്റേഡിയം പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി കോഴിക്കോട് കടപ്പുറത്ത് സമാപിച്ചു. എം.ഐ. അബ്ദുല്‍ അസീസ്, അബ്ദുസ്സലാം വാണിയമ്പലം, എം.കെ. മുഹമ്മദലി, വി.പി. അബ്ദുറഹ്മാന്‍, ശഹീര്‍ മൌലവി, ഹമീദ് വാണിമേല്‍, ശിഹാബ് പൂക്കോട്ടൂര്‍, പി. മുജീബ്റഹ്മാന്‍, കെ.കെ. ഫാത്തിമ സുഹ്റ, ഇ.സി. ആയിശ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Courtesy: Madhyamam/10-02-2011

0 comments:

Post a Comment