BLOOD GROUP LIST

Friday, February 25, 2011

SOLIDARITY KANNUR_WATER PROJECT

സോളിഡാരിറ്റി ജനകീയ കുടിവെള്ള
പദ്ധതി ജില്ലാതല സമര്‍പ്പണം നാളെ
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ്റഹ്മാന്‍ ഞായറാഴ്ച ഉദ്ഘാടനം ചെയ്യുന്ന ആറളം കളരിക്കാട് കോളനിയിലെ ജനകീയ കുടിവെള്ള പദ്ധതി.
കണ്ണൂര്‍: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലയില്‍ നടപ്പാക്കുന്ന ജനകീയ കുടിവെള്ളപദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 27ന് തോട്ടട സമാജ്വാദി കോളനിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ്റഹ്മാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ അധ്യക്ഷത വഹിക്കും.
സമാജ്വാദി കോളനി, ആറളം കളരിക്കാട് കോളനി, പുന്നാട് ലക്ഷംവീട് കോളനി, എട്ടിക്കുളം പള്ളി കോളനി എന്നിവിടങ്ങളിലാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ ആറളം കളരിക്കാട് കോളനിയിലെ പദ്ധതി ഫെബ്രുവരി 27ന് വൈകീട്ടും എട്ടിക്കുളത്തേത് മാര്‍ച്ച് 20നും പുന്നാട് കോളനിയിലേത് ഏപ്രില്‍ മൂന്നിനും ഉദ്ഘാടനം ചെയ്യും.
യുവാക്കളുടെ കായികാധ്വാനവും സുമനസ്സുകളുടെ സാമ്പത്തികസഹായവും ജനങ്ങളുടെ പിന്തുണയുംകൊണ്ട് പൂര്‍ത്തിയാക്കുന്ന ജില്ലയിലെ നാല് പദ്ധതികള്‍ 200ല്‍പരം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടും. നാടിന്റെ അടിസ്ഥാന വികസനത്തില്‍ ക്രിയാത്മക പങ്ക് വഹിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ 50 ഗ്രാമങ്ങളിലായി 52 കുടിവെള്ളപദ്ധതികളാണ് സോളിഡാരിറ്റി നടപ്പാക്കുന്നത്. മൊത്തം രണ്ടായിരത്തില്‍പരം കുടുംബങ്ങള്‍ക്ക് പദ്ധതി സഹായകമാകും. ഓരോ പദ്ധതിക്കും ഒന്നര മുതല്‍ രണ്ടുലക്ഷം രൂപ വരെയാണ് ചെലവ്.
സമാജ്വാദി കോളനിയില്‍ നടക്കുന്ന ജില്ലാതല ഉദ്ഘാടനചടങ്ങില്‍ എടക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. രവീന്ദ്രന്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കും. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം മാധവന്‍ മാസ്റ്റര്‍, പരിസ്ഥിതി സംരക്ഷണ സംഘം പ്രസിഡന്റ് ഡോ. സി.എം. ജോയി തുടങ്ങിയവര്‍ സംസാരിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വര്‍ണാഭമായ ഘോഷയാത്ര, കലാപരിപാടികള്‍, പൊതുസമ്മേളനം എന്നിവയും ഉണ്ടാകും.
സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍, ടി.കെ. റിയാസ്, ടി.കെ. മുഹമ്മദ് അസ്ലം, കെ.കെ. ഷുഹൈബ്, കെ.എന്‍. ജുറൈജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഇരിട്ടി: ആറളം കളരിക്കാട് കോളനിയില്‍ സോളിഡാരിറ്റിയുടെ ജനകീയ കുടിവെള്ളപദ്ധതി 27ന് നാടിന് സമര്‍പ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വേനലില്‍ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാവുന്ന കോളനിയാണ് കളരിക്കാട്. പദ്ധതി മുപ്പതോളം കുടുംബങ്ങളുടെ കുടിവെള്ളക്ഷാമത്തിനാണ് പരിഹാരമാവുക. സംസ്ഥാനത്ത് നൂറോളം ഗ്രാമങ്ങളില്‍ രണ്ടായിരത്തിലധികം കുടുംബങ്ങള്‍ക്ക് ദാഹജലമൊരുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സോളിഡാരിറ്റി ഇത്തരം സംരംഭവുമായി മുന്നോട്ടുപോകുന്നത്.
കളരിക്കാട്ട് ഒന്നരലക്ഷം രൂപ ചെലവില്‍ പണിത കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം 27ന് വൈകീട്ട് നാലിന് സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന്‍ നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ഇരിട്ടി ബ്ലോക് പ്രസിഡന്റ് കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. ആറളം പഞ്ചായത്ത് പ്രസിഡന്റ് വി.ടി. തോമസ് അധ്യക്ഷത വഹിക്കും. സോളിഡാരിറ്റി ഇരിട്ടി ഏരിയാ പ്രസിഡന്റ് കെ. സാദിഖ് മാസ്റ്റര്‍, സെക്രട്ടറി എം. ഷാനിഫ്, അന്‍സാര്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
Courtesy:Madhyamam/26-02-2011

0 comments:

Post a Comment