BLOOD GROUP LIST

Thursday, March 24, 2011

OBIT_VK MOIDU HAJI PAYANGADI


വി.കെ. മൊയ്തുഹാജിഅന്തരിച്ചു
പഴയങ്ങാടി: മൂന്നു പതിറ്റാണ്ടായി കണ്ണൂര്‍ ജില്ലയുടെയുടെയും  ഉത്തരകേരളത്തിന്റെയും സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന വി.കെ. മൊയ്തുഹാജി (74) അന്തരിച്ചു. പഴയങ്ങാടി വാദിഹുദ ആസ്ഥാനമായ മുട്ടം തഅ്ലീമുല്‍ ഇസ്ലാം ട്രസ്റ്റ് ചെയര്‍മാനാണ്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബുധനാഴ്ച രാവിലെ 11 മണിക്കായിരുന്നു അന്ത്യം.
'ഗള്‍ഫ് മാധ്യമം' പത്രാധിപര്‍ വി.കെ. ഹംസ അബ്ബാസ് സഹോദരനാണ്. മുട്ടത്തെ എസ്.വി. അബ്ബാസ് ഹാജി^വി.കെ. ആയിഷ ദമ്പതികളുടെ മകനായി 1937 ജൂണ്‍ ഒന്നിന് ജനിച്ച മൊയ്തുഹാജി മുട്ടത്ത് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചതിനുശേഷം ഫാറൂഖ് കോളജ്, പാലക്കാട് വിക്ടോറിയ കോളജ്, ശാന്തപുരം ഇസ്ലാമിയ കോളജ് എന്നിവിടങ്ങളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി.
ജമാഅത്തെ ഇസ്ലാമിയിലൂടെ പൊതുരംഗത്തെത്തിയ മൊയ്തു ഹാജി 1981ല്‍ മുട്ടം തഅലീമുല്‍ ഇസ്ലാം ട്രസ്റ്റിന്റെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. മത്സ്യസംസ്കരണ സ്ഥാപനമായ ചൂട്ടാട് അബ്ബാസണ്‍സ് മാനുവല്‍ ഇന്‍ഡസ്ട്രീസ് ഉടമയാണ്.പാപ്പിനിശേãരി ഈമാന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍, കണ്ണൂര്‍ കൌസര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്‍സാഫ് ചാരിറ്റബിള്‍ ട്രസ്റ്റ്, പുതിയങ്ങാടി അല്‍ഇഖ്റാം ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ പ്രവര്‍ത്തകസമിതി അംഗം, കേരള റെക്കഗ്നൈസ്ഡ് സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ പ്രവര്‍ത്തക സമിതിയംഗം, കേരള മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റിയംഗം, ജമാഅത്തെ ഇസ്ലാമി മാടായി ഹല്‍ഖാ നാസിം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചുവരുകയായിരുന്നു.
ഭാര്യ: എസ്.എല്‍.പി. ആമിനാബി. 
മക്കള്‍: മുഹമ്മദ് അഷ്റഫ് (ബദരിയ്യ ഫൂട്ട്വെയര്‍, തളിപ്പറമ്പ്), മുബാറക, മുഹമ്മദ് സിദ്ദീഖ് (സില്‍ക്ക് സിറ്റി, പയ്യന്നൂര്‍), ശാഫി മൊയ്തു (ബേഗ്ഫൂട്ട്, കണ്ണൂര്‍), സാബിറ (സിംഗപ്പൂര്‍), റംല, മുഹമ്മദ് റഫീഖ് (അബൂദബി), ആയിശബി, മുഹമ്മദ് ഫര്‍ഹത്ത് സലീം (ഫാസ്റ്റ് ഫൈബര്‍ പ്രോഡക്ട്, ചൂട്ടാട്), ത്വയ്യിബ (ലെക്ചറര്‍, ഇസ്ലാമിക് യൂനിവേഴ്സിറ്റി, കുവൈത്ത്), റുക്സാന (ചെന്നൈ).
മരുമക്കള്‍: സൈബുന്നിസ (കമ്പില്‍), ഹാഷിം (പയ്യന്നൂര്‍), സൌദ പടന്ന (ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്), നാജിദ ബാനു ആദിരാജ (കണ്ണൂര്‍), വി.വി. ശരീഫ് (സിംഗപ്പൂര്‍), ഫെബീന (കണ്ണൂര്‍), ഫാറൂഖ് ഉസ്മാന്‍ (സെക്രട്ടറി, സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റി), ശബാന (പുതിയങ്ങാടി), അര്‍ഷദ് (കുവൈത്ത്), അജ്മല്‍ (ചെന്നൈ). മറ്റു സഹോദരങ്ങള്‍: വി.കെ. അബ്ദുല്ല, കുഞ്ഞാമിന, അസ്മ, സഫിയ, എം. മുസ്തഫ, പരേതരായ വി.കെ. യൂസുഫ് ഹാജി, ആത്തീമ.
വിടപറഞ്ഞത് വിദ്യാഭ്യാസ
ഗതിമാറ്റത്തിന്റെ ശില്‍പി
വി.കെ. മൊയ്തു ഹാജിയുടെ വിയോഗത്തോടെ ഉത്തരകേരളത്തിന് നഷ്ടമായത് വിദ്യാഭ്യാസ ഗതിമാറ്റത്തിന്റെ ശില്‍പിയെ. പ്രദേശത്തിന്റെ വിദ്യാഭ്യാസരംഗത്ത് പൊളിച്ചെഴുത്ത് നടത്തിയ സ്ഥാപനങ്ങള്‍ക്ക് സാന്നിധ്യം നല്‍കാനായത് വി.കെ. മൊയ്തുഹാജിയുടെ വിപ്ലവകരമായ വിദ്യാഭ്യാസ പരിശ്രമ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടായിരുന്നു.
1981ല്‍ തഅ്ലീമുല്‍ ഇസ്ലാം ട്രസ്റ്റിന്റെ കീഴില്‍  പഴയങ്ങാടി വാദിഹുദയില്‍ നഴ്സറി സ്കൂളോടെയാണ്  വിദ്യാഭ്യാസ സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് സി.ബി.എസ്.ഇ അംഗീകാരത്തോടെ പ്രോഗ്രസിവ് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍, കേരള സിലബസിലുള്ള വാദിഹുദ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വാദിഹുദ ഹൈസ്കൂള്‍, ഐ.ടി.സി, കാരുണ്യ നികേതന്‍ ബധിര^ മൂക വിദ്യാലയം, അല്‍ഹുദ ഓര്‍ഫന്‍സ് കെയര്‍ ഹോം, കണ്ണൂര്‍ യൂനിവേഴ്സിറ്റിയുടെ അംഗീകാരത്തോടെയുള്ള വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് തുടങ്ങി നിരവധി സംരംഭങ്ങള്‍ക്ക് അദ്ദേഹം ചുക്കാന്‍ പിടിച്ചു. പ്രദേശത്തെ നിരവധി ചാരിറ്റബിള്‍ സംരംഭങ്ങളില്‍ മൊയ്തു ഹാജിയുടെ  കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. മിതഭാഷിയായ പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന മൊയ്തു ഹാജിയുടെ ലേഖനങ്ങള്‍ പ്രബോധനം വാരികയിലും ഇംഗ്ലീഷ് ആനുകാലികമായ മെസേജിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബുധനാഴ്ച രാവിലെ 11 മണിയോടെ മൊയ്തുഹാജിയുടെ വിയോഗ വാര്‍ത്തഅറിഞ്ഞതു മുതല്‍ പുതിയങ്ങാടിയിലെ വസതിയായ ശാന്തിനികേതനിലേക്ക് ജനം ഒഴുകിയെത്തുകയായിരുന്നു. ജനത്തിരക്ക് കാരണം പുതിയങ്ങാടി, മൊട്ടാമ്പ്രം മേഖലയില്‍ ഏറെനേരം ഗതാഗതം മുടങ്ങി. മത, സാമൂഹിക, സാസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരടങ്ങുന്ന വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വൈകീട്ട് ആറു മണിയോടെ പുതിയങ്ങാടി തലക്കലെ പള്ളി ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കി.
ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി.ആരിഫലി, അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദലി, സെക്രട്ടറിമാരായ എന്‍.എം.അബ്ദുറഹിമാന്‍, ടി.കെ.ഹുസൈന്‍, 'മാധ്യമം' പത്രാധിപര്‍ ഒ.അബ്ദുറഹ്മാന്‍, എക്സിക്യൂട്ടിവ് എഡിറ്റര്‍ വി.എം. ഇബ്രാഹിം, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി.കെ. ഖാലിദ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് വി.കെ.അബ്ദുല്‍ ഖാദര്‍ മൌലവി, ജില്ലാ സെക്രട്ടറി കെ.ടി.സഹദുല്ല, മുന്‍മന്ത്രി കെ.പി. നൂറുദ്ദീന്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ ആക്ടിങ് പ്രസിഡന്റ് യു.പി.സിദ്ദീഖ്, സെക്രട്ടറി കളത്തില്‍ ബഷീര്‍, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍, മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. രാമചന്ദ്രന്‍, ഡി.സി.സി സെക്രട്ടറി പ്രമോദ്, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി. കരുണാകരന്‍ മാസ്റ്റര്‍, കല്യാശേãരി നിയമസഭാ മണ്ഡലം സ്ഥാനാര്‍ഥികളായ ടി.വി.രാജേഷ്, അഡ്വ.ഇന്ദിര,കാസര്‍കോട് ആലിയ കോളജ് ട്രസ്റ്റ് വൈസ് പ്രസിഡന്റ് അബൂബക്കര്‍ ഉമരി, സെക്രട്ടറി എന്‍ജിനീയര്‍ മുഹമ്മദ്, പ്രിന്‍സിപ്പല്‍ മുഹമ്മദ് ഗൈസ്, കണ്ണൂര്‍ കൌസര്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ പി.സി.മൊയ്തു മാസ്റ്റര്‍ തുടങ്ങിയവര്‍ വസതിയിലെത്തി അനുശോചനം അറിയിച്ചു. മൊട്ടാമ്പ്രത്ത് ചേര്‍ന്ന സര്‍വകക്ഷി അനുശോചന യോഗത്തില്‍ മൊയ്തു ഹാജിയുടെ സഹോദരനും 'ഗള്‍ഫ് മാധ്യമം' പത്രാധിപരുമായ വി.കെ. ഹംസ അബ്ബാസ്, ഐ.എന്‍.എല്‍ സംസ്ഥാന ട്രഷറര്‍ ബി. ഹംസ ഹാജി, സൈദ് ഇബ്രാഹിം, എ.പി.ബദറുദ്ദീന്‍, പി.ഒ.പി. മുഹമ്മദലി ഹാജി, ഡോ. കെ.ടി. അഷ്റഫ്, വി.വിനോദ്, ശ്രീരാമന്‍ കൊയ്യോന്‍ എന്നിവര്‍ സംസാരിച്ചു. പഴയങ്ങാടി പ്രസ് ഫോറം അനുശോചിച്ചു. മഹമൂദ് വാടിക്കല്‍, സുധീര്‍ വെങ്ങര, പവിത്രന്‍ മാസ്റ്റര്‍, ഫൈസല്‍ മാടായി, ബാലന്‍ പൊങ്ങാരന്‍, പത്മനാഭന്‍ മാസ്റ്റര്‍, രാജേഷ് എന്നിവര്‍ സംസാരിച്ചു.
Courtesy:Madhyamam

0 comments:

Post a Comment