ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഇഫ്താര്‍ സംഗമം ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു
സ്നേഹസംഗമമായി ഇഫ്താര്‍ വിരുന്ന്
കണ്ണൂര്‍: വിഭാഗീയതയുടെ അതിരുകള്‍ മറന്ന് വിവിധ മതങ്ങളിലും വിശ്വാസങ്ങളിലും പെട്ടവര്‍ ഒന്നിച്ചിരുന്ന ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. ജമാഅത്തെ ഇസ്ലാമി ജില്ലാകമ്മിറ്റി കണ്ണൂര്‍ കൌസറില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് മതസൌഹാര്‍ദത്തിന്റെ വിളംബര വേദികൂടിയായി.സാംസ്കാരിക, രാഷ്ട്രീയ, ഉദ്യോഗസ്ഥ, വ്യവസായ, പൊതുരംഗങ്ങളില്‍നിന്നുള്ള നിരവധിപേര്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു.
സാഹിത്യകാരന്‍ ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ വയറുനിറയെ ഭക്ഷണം കഴിക്കുന്നവന്‍ തന്റെ വിശ്വാസികളില്‍ പെട്ടവനല്ല എന്ന മുഹമ്മദ് നബിയുടെ വചനം ബാല്യകാലത്ത് വായിച്ചത് ഇപ്പോഴും മറന്നിട്ടില്ലെന്ന് ടി. പത്മനാഭന്‍ പറഞ്ഞു. ഖലീഫ ഉമര്‍ എന്ന ഭരണാധികാരിയെയും വ്യക്തിയെയും കുറിച്ച് വായിച്ചതും തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ച കാര്യമാണെന്നും ടി. പത്മനാഭന്‍ പറഞ്ഞു.
സമകാലിക സമൂഹത്തില്‍ ഇസ്ലാമിന്റെ പ്രതിനിധാനമാണ് ജമാഅത്തെ ഇസ്ലാമി നിര്‍വഹിക്കുന്നതെന്ന് ഇഫ്താര്‍ സന്ദേശം നല്‍കി ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. ബഹുസ്വര സമൂഹത്തില്‍ മതവിശ്വാസികള്‍ തമ്മില്‍ ശരിയായി പരസ്പരം അറിയുന്നതിലൂടെയേ സമൂഹങ്ങള്‍ തമ്മില്‍ അടുപ്പം സാധ്യമാകുകയുള്ളൂ, ഇഫ്താര്‍ സംഗമത്തിന്റെ ലക്ഷ്യവും അതാണ്. ഓണം, ക്രിസ്മസ്, പെരുന്നാള്‍ വേളകളിലും ഇത്തരം പരിപാടികള്‍ ഒരുക്കാറുണ്ടെന്നും ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു.
ത്യാഗവും ഭോഗവും ജീവിതപ്രക്രിയയുടെ അനിവാര്യതയാണെന്ന് സ്വാമി ശിവാനന്ദ ശക്തിബോധിനി പറഞ്ഞു. ത്യാഗാധിഷ്ഠിതമായ ജീവിതത്തിന് ശരീരത്തെ ക്രമപ്പെടുത്തുകയാണ് വ്രതമെടുക്കുമ്പോള്‍ നാം ചെയ്യുന്നതെന്ന് സ്വാമി പറഞ്ഞു. നോമ്പും പ്രാര്‍ഥനയും നമ്മുടെ ഉള്ളിലെ എല്ലാ മാലിന്യവും നീക്കം ചയ്യുന്നതാണെന്ന് ഫാ. ദേവസ്യ ഇലത്തറ പറഞ്ഞു. ആധ്യാത്മിക തലത്തില്‍ നമ്മെ ഒന്നിപ്പിക്കുന്നു എന്നതാണ് ഇഫ്താര്‍ സംഗമത്തിന്റെ ആശയമെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാപ്രസിഡന്റ് ടി.കെ. മുഹമ്മദലി സ്വാഗതം പറഞ്ഞു.
0 comments:
Post a Comment